നാളെ അര്‍ജുന്‍ അടക്കമുള്ളവര്‍ക്കായി തിരച്ചില്‍ പോയിന്റ് ഒന്നിനും രണ്ടിനും ഇടയില്‍; നേവിക്ക് പ്രതീക്ഷ

Aug 15, 2024 - 14:41
 0  1
നാളെ അര്‍ജുന്‍ അടക്കമുള്ളവര്‍ക്കായി തിരച്ചില്‍ പോയിന്റ് ഒന്നിനും രണ്ടിനും ഇടയില്‍; നേവിക്ക്  പ്രതീക്ഷ

കൊച്ചി: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്‍ അടക്കമുള്ളവര്‍ക്കായുള്ള തിരച്ചിലില്‍ നേവിക്ക് പ്രതീക്ഷയുണ്ടെന്ന് ഡിഫെന്‍സ് പിആര്‍ഒ അതുല്‍ പിള്ള. കണ്ടെത്തിയ രണ്ട് പോയിന്റുകളില്‍ ഇന്നലെ തിരച്ചില്‍ നടത്തി. മണ്ണ് അടിഞ്ഞുകിടക്കുന്നത് നേവി ഡൈവേഴ്‌സിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നും അതുല്‍ പിള്ള  പറഞ്ഞു.

രണ്ട് പോയിന്റുകളില്‍ നടന്ന തിരച്ചിലില്‍ വാഹനത്തിന്റെ ജാക്കി, തടിയുടെ കഷണം എന്നിവ കണ്ടെത്തിയിരുന്നു. പോയിന്റ് ഒന്നില്‍ മറ്റ് വസ്തുക്കള്‍ ഒന്നും ഇല്ലെന്നാണ് നിഗമനം. നാളെ തിരച്ചില്‍ പോയിന്റ് ഒന്നിനും രണ്ടിനും ഇടയിലുള്ള പ്രദേശത്തും അതിന് സമീപത്തുമായിരിക്കുമെന്നും അതുല്‍പിള്ള പറഞ്ഞു.

ഗംഗാവലി പുഴയിലെ അടിയൊഴുക്ക് കുറഞ്ഞതോടെ ഷിരൂരില്‍ ആരംഭിച്ച രണ്ടാം ഘട്ട തിരച്ചിലില്‍ അര്‍ജുന്റെ ട്രക്കില്‍ തടി കെട്ടാന്‍ ഉപയോഗിച്ച കയറിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയത് ദൗത്യത്തില്‍ നിര്‍ണായകമാണ്. കരയില്‍ നിന്നും 50 അടി മാറി 30 അടി താഴ്ചയില്‍ നിന്നാണ് കയറിന്റെ ഭാഗം കണ്ടെത്തിയത്. 10 അടി വ്യത്യാസത്തില്‍ മൂന്നിടങ്ങളില്‍ കയറിന്റെ ഭാഗമുണ്ടെന്നും ഈശ്വര്‍ മാല്‍പെ വ്യക്തമാക്കുന്നു. ഇത് സൂചനയായി കണക്കാക്കിയാല്‍ തീര്‍ച്ചയായും ഈ മേഖലയില്‍ ട്രക്ക് ഉണ്ടാവാന്‍ തന്നെയാണ് സാധ്യത. നാളെ മുതല്‍ നടക്കുന്ന തിരച്ചില്‍ പൂര്‍ണമായും ഈ മേഖല കേന്ദ്രീകരിച്ച് ആയിരിക്കും.

തിങ്കളാഴ്ച ഗോവയില്‍ നിന്നും ഡ്രഡ്ജിങ് സംവിധാനം എത്തിക്കുന്നത് വരെ ഈശ്വര്‍ മാല്‍പെയുടെ നേതൃത്വത്തിലുള്ള സംഘവും നേവി ടീമും ട്രക്കിന്റെ സൂചനകള്‍ ലഭിച്ച മേഖലയില്‍ ഡൈവ് ചെയ്ത് തിരച്ചില്‍ നടത്തും. ഒരു കാരണവശാലും തിരച്ചില്‍ അവസാനിപ്പിക്കില്ലെന്ന്  ഇതോടൊപ്പം ജില്ലാ ഭരണകൂടം ഉറപ്പ് നല്‍കുന്നുണ്ട്. തിങ്കളാഴ്ച ഡ്രജര്‍ എത്തുന്നതിനു മുന്‍പ് തന്നെ ട്രക്കിന്റെ ഭാഗങ്ങള്‍ കണ്ടെത്താന്‍ കഴിയുമെന്ന് ആത്മവിശ്വാസവും ഈശ്വര്‍ മാല്‍പെ പങ്കുവെച്ചിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow